കഠിനംകുളം: പെരുമാതുറയില്‍ 17കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.പെരുമാതുറ ഫെഡറല്‍ ബാങ്കിന് സമീപം തെരുവില്‍ തൈവിളാകത്തുവീട്ടില്‍ ഇര്‍ഫാന്‍ (17) മരിച്ച കേസില്‍ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളാണ് ഇര്‍ഫാനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് ഇര്‍ഫാന്‍ മരിച്ചത്. സുഹൃത്തുക്കള്‍ അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് മാതാവ് പരാതി നല്‍കിയിരുന്നു. അതിനിടെ, തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമികനിഗമനം. അമിത ലഹരി ഉപയോഗംമൂലം രക്തക്കുഴല്‍ പൊട്ടിയതാകാമെന്നാണ് നിഗമനം.ഇര്‍ഫാന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. രാസപരിശോധനഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഇര്‍ഫാനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ അവശനിലയില്‍ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചുകടന്നു.ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. തുടര്‍ന്ന്ഛര്‍ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാര്‍ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായി ഇര്‍ഫാന്‍ ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍, രണ്ടുമണിയോടെ സ്ഥിതി വഷളാവുകയായിരുന്നു.ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.