തിരുവന്തപുരം :റീ-പായ്ക് ചെയ്തുവരുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾക്കും, തൈര്, മോര്, സംഭാരം, ലസ്സി ഉൾപ്പെടെയുള്ള പാൽ ഉല്പന്നങ്ങൾക്കും, 2022 ജൂലൈ 18 മുതൽ 5% ജി.എസ്.ടി. ഏർപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ, രാജ്യവ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുന്നോട്ടു പോകുവാൻ കോൺഫെഡറേഷൻ ഓഫ് ആൾ ഇൻഡ്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാാന സമിതി തീരുമാനിച്ചു.
ജി.എസ്.ടി നിയമം നിലവിൽ വന്നപ്പോൾ മുതൽ ബ്രാൻഡഡ് ഭക്ഷ്യധാന്യങ്ങൾക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. എന്നാൽ, റീപാക്ക് ചെയ്ത്, റീലേബൽ ചെയ്ത ഭക്ഷ്യധാന്യങ്ങൾക്കും 5% ജി.എസ്.ടി. ചുമത്താനാണ് 47 -)മത് ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഉപഭോക്താക്കളിൽ 85 ശതമാനവും റീപാക്ക്ഡ്-റീലേബൽഡ് ഭക്ഷ്യധാന്യങ്ങളാണ് ഉപയോഗിക്കുന്നതെന്നിരിക്കെ, ഇവയ്ക്ക് നികുതി ഏർപ്പെടുത്തുന്നത് സാധാരണക്കാരനെ സാരമായി ബാധിക്കുമെന്നും, വിലക്കയറ്റത്തിനിടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജി.എസ്.ടി. കൗൺസിലിൻ്റെ ഈ നീക്കം, ചെറുകിട, ഇടത്തരം വ്യാപാരികളെ ജി.എസ്.ടി. നിയമക്കുരുക്കുകളിൽ പെടുത്തുമെന്നും യോഗം വിലയിരുത്തി. സ്വാതന്ത്ര്യലബ്ധിക്കു മുൻപും, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങളായിട്ടും, നാളിതുവരെ റീപാക്ക്ഡ്-റീലേബൽഡ് ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ചുമത്തിയിരുന്നില്ല. ക്ഷീരോല്പന്നങ്ങളായ പാൽ, തൈര്, മോര് സംഭാരം, ലസ്സി തുടങ്ങിയവയ്ക്കും നികുതി ചുമത്തിയിരുന്നില്ല. ഇവയിൽ പാൽ ഒഴിച്ചുള്ളവയ്ക്ക് 5% ശതമാനം നികുതി ഏർപ്പെടുത്തുവാനുള്ള തീരുമാനം ക്ഷീരകർഷകരുടേയും, ചെറുകിട ഡയറി ഫാമുകളുടേയും നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിക്കും.
റീപാക്കിംഗ്-റീലേബലിംഗ് ആവശ്യമായി വരുന്ന മേഖലകളിലെ വ്യാപാരി സംഘടനാ നേതാക്കളുടെ പ്രത്യേക യോഗമാണ് സി.എ.ഐ.ടി. സംസ്ഥാന സമിതി വിളിച്ചുചേർത്തത്.
സി.എ.ഐ.ടി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറി ജനറലുമായ ശ്രീ. എസ്.എസ്. മനോജ്, ദേശീയ സമിതി നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ജി.എസ്.ടി. കൗൺസിലിൻ്റെ ജനവിരുദ്ധ നികുതി നിർദ്ദേശത്തിനെതിരെ വ്യാപക പ്രചാരണം നടത്തുന്നതിനും, സി.എ.ഐ.ടി ദേശീയ സമിതി ഈ വിഷയത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രചരണത്തിൻ്റെ ഭാഗമായി, ഈ നികുതിബാദ്ധ്യതയുടെ ആദ്യത്തെ ആഘാതം ഏൽക്കേണ്ടി വരുന്ന, സംസ്ഥാനത്തുടനീളമുള്ള വ്യാപാര-വ്യവസായ സ്ഥാപനങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പതിക്കും. ഉപഭോക്തൃ സംഘടനകളുമായി ചേർന്ന്, തുടർ സമര പരിപാടികൾ നടത്തുന്നതിനും, ജി.എസ്.ടി. കൗൺസിൽ ചേരുന്ന ജൂലൈ 18 കരിദിനമായി ആചരിക്കുന്നതിനും യോഗം തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ടോമി പുലിക്കാട്ടിൽ, അജിത് കെ. മാർത്താണ്ഡൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.വി.. ഹംസാ ഹാജി, ജിയോർഫിൻ പേട്ട, ബിജു എസ്. നായർ, സുരേഷ് ആലപ്പുഴ, വി.ജെ. വർഗ്ഗീസ്, അജയ് ഗോപിനാഥ്, യാഹിയ കോയ, സുരേഷ് ബാബു, സജി പോൾ തുടങ്ങിയവർ സംസാരിച്ചു.