ഭക്ഷ്യധാന്യങ്ങൾക്ക് 5% നികുതി വർധിപ്പിച്ചതിൽ നിന്നും 6 മാസം കൊണ്ട് 20000 കോടിയോളം രൂപയുടെ അധിക വരുമാനമാണ് ജി. എസ്. റ്റി ഇനത്തിൽ സർക്കാരിന് ലഭിച്ചതെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി.
പാവങ്ങളുടെ കഞ്ഞിപാത്രത്തിൽ കൈയ്യിട്ടതിന്റെ നേട്ടവുമായി GST വകുപ്പ് ഈ ഇനത്തിൽ കൂടുതൽ നികുതി ഭാരം ചുമത്തുവാനുള്ള ശ്രമത്തിലാണെന്നും യോഗം വിലയിരുത്തി.
ഏപ്രിൽ 18,19 തീയതികളിൽ ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ദേശീയ വ്യാപാരി കോൺക്ലേവിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ പ്രതിനിധികളായി പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറി ജനറലുമായ ശ്രീ. എസ്. മനോജ് ദേശീയ കൗൺസിൽ തീരുമാനങ്ങളും സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. നേതാക്കളായ ടോമി പുലിക്കാട്ടിൽ, അജിത് കെ. മാർത്താണ്ഡൻ, കെ. എം. നാസറുദ്ദീൻ, അഡ്വ. സതീഷ് വസന്ത്, ആർ. വെങ്കിട്ട രാജ്, നസീർ പുന്നക്കൽ, സുനിൽ ഫെറീഫ് തുടങ്ങിവർ സംസാരിച്ചു.