തിരുവനന്തപുരം: 91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് ഡിസംബർ 15 ന് തുടങ്ങി 2024 ജനുവരി 5 ന് സമാപിക്കും. ഡിസംബർ 26 ന് രാവിലെ 11 മണിക്ക് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയാഘോഷം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിക്കും ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 27 ന് രാവിലെ 10 ന് ഗുരുധർമ്മപ്രചരണസഭാ സമ്മേളനം നാഷണൽ ജുഡീഷ്യൻ അക്കാഡമി മുൻ ഡയറക്ടർ ഡോ.ജി. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. 28ന് രാവിലെ 10 മണിക്ക് ചേരുന്ന കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായിരിക്കും. 29 ന് രാവിലെ 9:30 ന് ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയാഘോഷവും കുറിച്ചി സ്കൂളിന്റെ നവതിയാഘോഷവും സംബന്ധിച്ച് ‘മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
ഡിസംബർ 30 ന് രാവിലെ7:30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധർമ്മപതാകോദ്ധാരണം നിർവ്വഹിക്കും. 10 മണിക്ക് 91-ാമത് ശിവഗിരി തീർത്ഥാടനം കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും, ട്രഷറർ സ്വാമി ശാരദാനന്ദയും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.സി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽഎ എന്നിവർ വിശിഷ്ടാതിഥി. അന്ന് ഉച്ചയ്ക്കു 2 മണിക്ക് ചേരുന്ന സാങ്കേതിക-ശാസ്ത്ര സമ്മേളനം ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ് സോമനാഥ് ഉദ്ഘാടനം ചെയ്യും. ഡിവംബർ 31ന് വെളുപ്പിന് 5 മണിക്ക് ശിവഗിരി തീർത്ഥാടന ഘോഷയാത്ര, സന്ന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധിയിൽ നിന്നും പുറപ്പെടും. രാവിലെ 10 മണിക്ക് ആരംഭിക്കുന ശിവഗിരിതീർത്ഥാടന സമ്മേളനം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും.
ഡിസംബർ 31 ന് രാത്രി 12 മണിക്ക് ഗുരുദേവ മഹാസമാധിയിൽ പുതുവത്സരപൂജയും സമൂഹപ്രാർഥനയും നടക്കും. പുതുവത്സരദിനമായ ജനുവരി 1 ന് രാവിലെ 8 മണിക്ക് മഹാസമാധിമന്ദിരത്തിലെ ഗുദേവ പ്രതിമാ പ്രതിഷ്ഠാദിനം പ്രമാണിച്ച് ശാരദാമഠത്തിൽ നിന്നും മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്പകലശങ്ങളോടെയുള്ള പ്രയാണം നടക്കും. തുടർന്ന് 10 മണിക്ക് ‘ സംഘടിത പ്രസ്ഥാനങ്ങൾ – നേടങ്ങളും കോട്ടങ്ങളും’ എന്ന വിഷയത്തിലുള്ള സംഘടനാ സമ്മേളനം സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരർ എം.പി അദ്ധ്യക്ഷത വഹിക്കും. അന്ന് ഉച്ചക്ക് 2 ന് ചേരുന്ന ഗുരുദേവകൃതികളിലെ കാവ്യാത്മകത എന്ന വിഷയത്തിലുള്ള സാഹിത്യ സമ്മേളനം സുനിൽ പി. ഇടയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 5 മണിക്ക് 91-1മത് ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. മുഖ്യാഥിതിയായിരിക്കും. മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും.