തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. അനീസ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി 11ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് അസിസ്റ്റന്റ് പബ്ളിക് പ്രേസിക്യൂട്ടര്‍ വി.എം. ഉമാനൗഷാദ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജാമ്യം ലഭിച്ചയുടന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പരസ്യമായി പറഞ്ഞ ജോര്‍ജ് വീണ്ടും സമാന കുറ്റം ചെയ്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ജോര്‍ജ് പലയോഗങ്ങളിലും സമാനരീതിയില്‍ പ്രസംഗങ്ങള്‍ നടത്തുന്നതായി ഹര്‍ജിയില്‍ പറയുന്നുണ്ടെങ്കിലും ഇതിനെതിരെ കേസ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.