തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും. വരും മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്ക്, മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നാളെ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനുമാണ് സാധ്യത. ആന്‍ഡമാന്‍ കടലിലും സമാന കാലാവസ്ഥയായിരിക്കും.
തിങ്കളാഴ്ച മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും, വടക്ക് ആന്‍ഡമാന്‍ കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റുണ്ടായേക്കും.ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള കിഴക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ സമാന കാലാവസ്ഥയായിരിക്കും.