നെടുമങ്ങാട് : പരസ്പരം സംശയത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവില്‍ ഒരുമിച്ച് താമിസിച്ചിരുന്ന യുവാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന ശേഷം യുവതിയും തീകൊളുത്തി മരിച്ചു.ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ താമസിച്ചിരുന്ന അഭിലാഷ് (38), ബിന്ദു(30) എന്നിവരാണ് മരിച്ചത്.
ബിന്ദുവിന്റെ ആറുവയസുള്ള കുഞ്ഞിന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചെങ്കിലും കുഞ്ഞ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അമ്മയാണ് മണ്ണെണ്ണ ഒഴിച്ചതെന്ന് കുട്ടിയാണ് പൊലീസിനോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ആനാട് വടക്കേല തച്ചോണം സ്വദേശിയായ അഭിലാഷും ആനാട് പണ്ടരക്കോണം സ്വദേശിനിയായ ബിന്ദുവും ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചവരാണ്. ബിന്ദുവിന്റെ ആദ്യബന്ധത്തിലെ മകളാണ് ആറുവയസുകാരി. രണ്ടരവര്‍ഷം മുമ്ബാണ് ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.ആറുമാസത്തിന് ശേഷം വിദേശത്തേക്ക് പോയ അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സമീപത്തെ കശുഅണ്ടി ഫാക്ടറിയില്‍ ബിന്ദുവും ജോലിയ്ക്ക് പോയിരുന്നു. പരസ്പരം സംശയത്തെ തുടര്‍ന്ന് ഫോണിലൂടെ ഇരുവരും കലഹത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഭിലാഷ് നാട്ടിലെത്തിയതോടെ കലഹം രൂക്ഷമായി. കിടപ്പുമുറിയില്‍ വച്ചാണ് ബീന യുവാവിന്റെയും കുട്ടിയുടേയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. കുട്ടി പുറത്തേക്ക് ഓടിയതോടെ തീ കൊളുത്തി. കുട്ടിയുടെ നിലവിളിയും തീയും കണ്ടെതോടെ സമീപവാസികള്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചാണ് വീട്ടിനുള്ളിലേക്ക് കടന്നത്. യുവാവിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും യുവതിയുടെ മൃതദേഹം മറ്റൊരു മുറിയിലുമായിരുന്നു. ഇരുവരും ബന്ധുക്കളുമായി സഹകരണത്തിലായിരുന്നില്ല.