ഓമശ്ശേരി: പിഞ്ചുകുഞ്ഞുങ്ങളുടെ വിയോഗത്തില്‍ വിറങ്ങലിച്ചു വെണ്ണക്കോട്, ആലിന്തറ, ഏച്ചിക്കുന്ന്, മാതോലത്തിന്‍ കടവ് ഗ്രാമങ്ങള്‍. വ്യാഴാഴ്ച നാലോടെയാണ് വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ ദില്‍ശൗഖും പെരിങ്ങാപുറം മുഹമ്മദിന്റെ മകന്‍ അമീനും മാതോലത്തിന്‍ കടവ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. അയല്‍വാസികളായ ഇരുവരും വീട്ടുകാരറിയാതെ സൈക്കിളെടുത്ത് കുളിക്കുന്നതിനായി തൊട്ടടുത്തുള്ള പുഴയില്‍ എത്തുകയായിരുന്നു. മൂന്നു പേരുള്ള സംഘത്തിലെ രണ്ടു പേരാണ് അപകടത്തില്‍പെട്ടത്. കൂട്ടുകാരനായ കുട്ടിയുടെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ കരയിലെത്തിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അമീന്റെ അന്ത്യ ദര്‍ശനത്തിനായി വീട്ടിലെത്തിയവർ മരണവിവരമറിഞ്ഞ് വെണ്ണക്കോട് പ്രദേശം ശോകമൂകമായി. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ദില്‍ശൗഖിന്റെ മയ്യിത്ത് മൂന്ന് മണിയോടെയും അമീന്റേത് ആറുമണിയോടെയും വെണ്ണക്കോട് ജുമാമസ്ജിദ് ഖബറിടത്തില്‍ ഖബറടക്കി. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ബന്ധുക്കളും നാട്ടുകാരും കുട്ടികള്‍ പഠിക്കുന്ന വെണ്ണക്കോട് ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയിരുന്നു. ദില്‍ശൗഖിന്റെ പിതാവ് ഷമീര്‍ സഖാഫി ദുബൈയില്‍ നിന്നും രാവിലെയോടെ വീട്ടിലെത്തി.