തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലടക്കം, നിരവധി കേസുകളില്‍ പ്രതിയായ ജാസിം ഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കല്ല്യാണവീട്ടിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ജാസിം ഖാന്‍ വിഷ്ണുവിന്റെ മുതുകില്‍ കുത്തുകയായിരുന്നു.