തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനു മുന്നിലാണ് ഹാജരാകുക.തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കൊച്ചിയില്‍ സമാനമായ പ്രസംഗം നടത്തിയെന്ന കണ്ടെത്തലില്‍ ജോര്‍ജ് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നാണ് ജോര്‍ജിന്‍റെ വാദം.
വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോര്‍ജിന്‍റെ ജാമ്യം നേരത്തെ കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു.