ചാരുംമൂട്: നൂറനാട് എസ്‌ഐ വി.ആര്‍.അരുണ്‍കുമാറിനെ ആക്രമിക്കാനുപയോഗിച്ചത് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പു നിര്‍മ്മിച്ച വാള്‍. നൂറനാട് തത്തംമുന്ന കല്ലുവിളകിഴക്കേതില്‍ സുഗതനാണ് ഇരുതല മൂര്‍ച്ഛയുള്ള വാളുപയോഗിച്ച് അരുണ്‍കുമാറിനെ വെട്ടിയത്. തടി അറക്കാനായി ഉപയോഗിക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് പ്രതി ഉപയോഗിച്ചത്. മുന്‍വൈരാഗ്യത്തില്‍ കരുതിക്കൂട്ടി എസ്‌ഐയ്ക്കുനേരെ ആക്രമണത്തിന് പ്രതി മുന്‍കൂട്ടി തന്ത്രങ്ങള്‍ മെനഞ്ഞതാണെന്നാണ് പൊലീസ് പറയുന്നത്.
യന്ത്രത്തില്‍ ഘടിപ്പിക്കുന്നതരത്തിലുള്ള ഇരുതലമൂര്‍ച്ഛയുള്ള വാളാണ് ഉപയോഗിച്ചത്. ഈ വാളിനു പുതിയതായി പിടി വച്ചു പിടിപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. സുഗതന് വാള്‍ നിര്‍മ്മിച്ച് നല്‍കിയ വ്യക്തിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴുത്തിന് നേരെ വീശിയ വാളിന് വിദഗ്ധമായ രീതിയില്‍ പെട്ടെന്ന് കയറി പിടിച്ചതുകൊണ്ടാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് എസ്‌ഐ പറഞ്ഞു. വാളിന്റെ അമിത മൂര്‍ച്ചകാരണമാണ് നാല് വിരലുകളിലും കൈപ്പത്തിയിലും മുറിവ് സംഭവിച്ചത്.
വിരലുകളിലെ ഞരമ്പ് മുറിഞ്ഞതായി എക്‌സ്‌റേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദഗ്ധചികിത്സ ലഭിക്കുന്നതിന് വേണ്ടി ഇന്നലെ അരുണ്‍കുമാര്‍ നാട്ടിലേക്ക് പോയി. സുഗതന്‍ മദ്യപിച്ചെത്തി സഹോദരനോടും മാതാപിതാക്കളോടും ദിവസവും വഴക്കുണ്ടാക്കുന്നതിന്റെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സുഗതനെ ഞായറാഴ്ച സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. താക്കീത് ചെയ്ത് വിട്ടശേഷം ചൊവ്വാഴ്ച വീണ്ടും വരാന്‍ സുഗതനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് വാളുമായി സുഗതന്‍ സംഭവസ്ഥലത്തിന് സമീപം തയ്യാറെടുപ്പോടുകൂടി നിന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.