തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ ഡിജിപി അനിൽ കാന്ത് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യും
സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും നാളെ സേവനസന്നദ്ധരായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോടതികൾ, വൈദ്യുതി ബോർഡ് ഓഫീസുകൾ, കെ എസ് ആർ ടി സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും.പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രി മുതൽ തന്നെ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏർപ്പെടുത്തും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിർദേശം നൽകി.