മരങ്ങാട്ടുപള്ളി: ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപെടാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്കിനിടെ പലതവണ ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 18ന് പുലര്‍ച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ചത്. വായില്‍ അരുചി അനുഭവപ്പെട്ടതോടെ ചാടിഎഴുന്നേറ്റ ഭാര്യ ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകന്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ തറവാട്ട് വീട്ടില്‍ നിന്നാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.