തിരുവന്തപുരം: തലസ്ഥാനത്ത് പെൺകുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കടന്നു കയറി അശീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച് കെണിയൊരുക്കി മാഫിയ സംഘം വിലസുന്നു. തലസ്ഥാനത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിലെ വിദ്യാർത്ഥിനി ഇത്തരം കെണിയിൽ പെട്ടതോടെയാണ് ഈ സാമൂഹ്യ വിരുദ്ധരെക്കുറിച്ച് പുറത്തിറഞ്ഞത്. സ്കൂൾ കുട്ടികൾക്കായി വലവിരിക്കുന്ന സംഘം സൗഹൃദം നടിച്ചെത്തി വാട്സാപ്പ് ഗ്രൂപ്പുകൾ മനസിലാക്കിയാണ് തുടർന്നുള്ള നീക്കം.ഗ്രൂപ്പ് ലിങ്കുകൾ മറ്റുള്ളവർക്കും നൽകി സംഘം സജീവമാകും. രാത്രികാലങ്ങളിലാണ് പെൺകുട്ടികളുടെ ഗ്രൂപ്പുകളിലേക്ക് ശബ്ദ, ചിത്ര സന്ദേശങ്ങൾ കൈമാറുന്നത്. പിൻമാറാനാകാത്ത വിധം ഭീഷണികളും നടത്തുന്നതിനാൽ പല വിദ്യാർത്ഥികളും കുരുക്കിലാകും. ഒരു രക്ഷകർത്താവിന് അപ്രതീക്ഷിതമായാണ് തൻ്റെ മകളുടെ മൊബൈൽ ഫോണിൽ നിന്ന് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം തിരിച്ചറിയാനായത്.ഉടൻ സ്കൂളിലെത്തി അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും വിവരം ധരിപ്പിച്ചു.തുടർന്ന് ഗ്രൂപ്പിൽ നിന്നും പെൺകുട്ടികളെ ഒഴിവാക്കി. കുട്ടികൾക്കും സ്കൂളിനും ഉണ്ടാകുന്ന മാനക്കേട് പരിഗണിച്ച് ഇക്കാര്യം രഹസ്യമാക്കിയിരിക്കുകയാണ് ബന്ധപ്പെട്ടവർ. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും വിദ്യാർത്ഥികളെ ഇത്തരം മാഫിയകളിൽ നിന്ന് രക്ഷിക്കാൻ പോലീസിൽ പരാതി നൽകണമെന്ന ആവശ്യവും ഉയർന്നു എന്നാണ് സൂചന.
കോവിഡ് സാഹചര്യത്തിൽ ആണ് സർക്കാർ ഓൺലൈൻ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിയത്.ഈ ക്ലാസ് ഗ്രൂപ്പുകളിലും ഇത്തരക്കാർ കയറിപ്പറ്റിയിരുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിലെ മൊബൈൽ ആപ്പുകൾ മനസിലാക്കിയും, പെൺകുട്ടികളെ വശത്താക്കിയും ആണ് ഇത്തരം വിരുതന്മാർ കയറിക്കൂട്ടുന്നത്. ഇവരുടെ ചതിക്കുഴികളിൽ ഒരുപാടുപേർ വീണിട്ടുള്ളതായിട്ടാണ് അറിയുന്നത്. അതീവ രഹസ്യമാക്കി വച്ചിരിക്കുന്ന ഇത്തരം സംഭവങ്ങൾ രക്ഷ കർത്താക്കൾ ഇടപെട്ടു പോലീസിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ വരും കാലങ്ങളിൽ ഇത് വലിയൊരു ദുരന്തം ആകാനാണ് സാധ്യത.