കൊച്ചി : അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ലക്ഷദ്വീപിനെ മോചിപ്പിക്കണമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ദ്വീപ് നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കപ്പൽ സർവ്വീസുകളുടെ എണ്ണം പൂർണ്ണതോതിലാക്കണമെന്ന ആവശ്യമുന്നയിച്ചും വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ടേഷനു മുൻപിൻ എൻസിപി , എൻ വൈസി , എൽ എസ് എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയുള്ള പക പോക്കൽ നടപടികളുടെ ഭാഗമായാണ് കപ്പൽ സർവ്വീസുകളുടെ എണ്ണം വെട്ടിക്കുറച്ചത്. അറ്റകുറ്റ പണികൾക്കെന്ന പേരിൽ കൊച്ചിൻ ഷിപ്പിയാർഡിൽ കയറ്റിയിരിക്കുന്ന കപ്പലുകൾക്കായി പണം അനുവദിക്കാത്തത് മന:പൂർവ്വമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. ആറിൽ നിന്ന് യാത്രാ കപ്പലുകളുടെ എണ്ണം രണ്ടായി കുറച്ചപ്പോൾ യാത്രികരുടെ എണ്ണം 3200 ൽ നിന്ന് 600 ആയി പരിമിതപ്പെട്ടു. ഇത് ഏറെ ക്ലേശകരമായ യാത്രാ ദുരിതമാണ് ദ്വീപുകാർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ലക്ഷ്വദ്വീപ് ഭരണകൂടത്തത്തിന്റെ ജനവിരുദ്ധ നടപടികൾ അവസാനിപ്പിച്ചില്ലങ്കിൽ സമരവേദി ഡെൽഹിയിലേക്ക് മാറ്റുമെന്നും പിസി ചാക്കോ അറിയിച്ചു.
പ്രശ്ന പരിഹാരം അടിയന്തിരമായി നടപ്പാക്കിയില്ലങ്കിൽ കൂടുതൽ ശക്തമായ അടുത്ത ഘട്ട സമരം ഉടൻ ആരംഭിക്കുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അറിയിച്ചു. വ്യക്തമായ കാഴ്ച്ചപ്പാടോ പദ്ധതിയോ കൂടിയാലോചനകളോ ഇല്ലാതെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തുന്നതെന്നും സമരവേദിയിൽ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമത്തിന് മുന്നോടിയായി ഹാർബർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ മുൻപിലേക്ക്പ്രതിഷേധ പ്രകടനം നടന്നു. ലക്ഷദ്വീപ് എൻസിപി പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, സി ആർ സജിത്ത്, മുഹമ്മദ് അനീസ്, ലതികാ സുഭാഷ്, , പി ജെ കുഞ്ഞുമോൻ,ടി പി അബ്ദുൾ അസീസ്, അഫ്സൽ കുഞ്ഞുമോൻ , കെ.ആർ സുഭാഷ്, കെ.ജെ പോൾ, മുരളീ പുത്തൻവേലി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
1.ലക്ഷദ്വീപ് നിവാസികളുടെ
യാത്രാ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ടേഷനു മുൻപിൽ എൻസിപി സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ച്
2.ലക്ഷദ്വീപ് നിവാസികളുടെ
യാത്രാ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ടേഷനു മുൻപിൽ എൻസിപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. പി പി മുഹമ്മദ് ഫൈസൽ എം പി,അബ്ദുൾ മുത്തലിബ്,
പി ജെ കുഞ്ഞുമോൻ, സി ആർ സജിത്ത്, കെ.ആർ. സുഭാഷ് , അഫ്സൽ കുഞ്ഞുമോൻ , മുഹമ്മദ് അനീസ്, ലതികാ സുഭാഷ്, ടി പി അബ്ദുൾ അസീസ് എന്നിവർ സമീപം.