കോഴിക്കോട്: ലബോറട്ടറി മേഖലയില്‍ സാങ്കേതിക പരിജ്ഞാനം മാത്രം മതിയാവില്ലെന്നും അറിവ് വളരെ പ്രധാനമെന്നൂം മേയര്‍ ഡോ. ബീന ഫിലിപ്പ്. മുന്‍പൊക്കെയാണെങ്കില്‍ ഒരു ലാബ് ടെക്‌നിഷ്യന് തന്റെ ജോലി സംബന്ധിച്ച സാങ്കേതികജ്ഞാനങ്ങള്‍ മതിയായിരുന്നു. അന്ന് തങ്ങള്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ അളവെത്ര, ശരീരത്തില്‍ എവിടെ സൂചി കുത്തണം, കൈവിറക്കരുത് തുടങ്ങിയവ അറിഞ്ഞാല്‍ മതി. ഇന്ന് അത് മാത്രം മതിയാവില്ല. വീടുകളിലിരുന്നു പോലും സ്വന്തം നിലയില്‍ പരിശോധന നടത്തി ഫലമറിയാവുന്ന ഇക്കാലത്ത് ലാബുകളിലെ ജീവനക്കാര്‍ക്ക് പരിശോധനകളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും നല്ല അറിവുണ്ടായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലാബുകളുടെ ഗുണമേന്മ നിലനിര്‍ത്തുന്നതിനായുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ലാബ്ക്യുഎം2കെ22 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍ ബീന ഫിലിപ്പ്.
മൈക്രൊ ഹെല്‍ത്ത് അക്കാഡമി ഫൊര്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സംഘടിപ്പിക്കുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യപതിപ്പാണ് ടാഗോര്‍ഹാളില്‍ നടന്നത്. ചടങ്ങില്‍ ചെയര്‍മാന്‍ സി. സുബൈര്‍ അധ്യക്ഷനായിരുന്നു. ഡോ. സി.കെ നൗഷാദ്, ഡോ. ഹരികൃഷ്ണകാസി, ആനന്ദ് ശങ്കരനാരായണന്‍, ഷൈജു സി., പി.കെ അനസ്, ഡോ. പി. രമ്യ രാഘവന്‍, മര്‍ഫാസ് എംപി, സുരഭി ഗംഗ, സുബിഷ പി. എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നായി ആയിരത്തോളം മെഡിക്കല്‍ ലാബ് വിദ്യാർഥികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.