കൊല്ലം : വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു. ഇളമാട് അമ്പലംമുക്ക് കുണ്ടൂര്‍ ശോഭ മന്ദിരത്തില്‍ സതീഷ്കുമാര്‍ എന്നയാളുടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.ആയൂരില്‍ വീടിനോട് ചേര്‍ന്ന് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ കത്തിച്ചത്. രണ്ടുമാസം മുമ്പ് വാങ്ങിയ ഇരുചക്രവാഹനവും മാരുതി 800 കാറുമാണ് കത്തി നശിച്ചത്.സംഭവ സമയം വീട്ടില്‍ സതീഷ് കുമാറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടോടെ ഉഗ്രശബ്ദവും പുകയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരും ഇറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നതായി കാണുന്നത്.ഉടന്‍ തീ കെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്, ചടയമംഗലം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. കത്തിച്ച വാഹനങ്ങളോടു ചേര്‍ന്ന് ഓട്ടോറിക്ഷയും ബൈക്കും ഉണ്ടായിരുന്നു. വേഗത്തില്‍ എത്തി ഇവ മാറ്റിയതിനാല്‍ ഈ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.