തിരുവനന്തപുരം: വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു.സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലില്‍ സാരമായി പരുക്കേറ്റ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞ് ആശുപത്രി ചികിത്സ തേടി.അറസ്റ്റിലായ പ്രതി നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെയും പ്രതി. വെള്ളി രാത്രിയിലുണ്ടായ സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതിപ്പെട്ടതിലൂടെ. മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെ ആണെന്നു കരുതുന്നു കുഞ്ഞിനോടുള്ള ക്രൂരതയെന്ന് വിഴിഞ്ഞം എസ്‌എച്ച്‌ഒ പ്രജീഷ് ശശി പറഞ്ഞു. എല്ലാ ദിവസവും തന്റെ വീട്ടില്‍ കൊണ്ടു വരുന്ന കുഞ്ഞിനെ 4 ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടില്‍ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോള്‍ 5 വയസ്സുള്ള മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്നാണ് ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു.