ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെ 15 ലിറ്റര്‍ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി.പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില്‍ അനില്‍കുമാറാണ് (49- വിറക് അനില്‍) അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമീഷണര്‍ വി. റോബെര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ സ്‌ക്വാഡ് പ്രിവന്‍റിവ് ഓഫിസര്‍ എം. മനോജ്‌ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. അനില്‍കുമാര്‍ സ്ഥിരമായി വലിയപാടം ചിറയ്ക്കരികിലാണ് മദ്യക്കച്ചവടം നടത്തിവന്നിരുന്നത്.മദ്യമടങ്ങിയ ചാക്കുകള്‍ ചിറയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തി ഒളിപ്പിച്ചുവെക്കുകയും ആവശ്യക്കാര്‍ക്ക് വില്‍പന സമയങ്ങളില്‍ മാത്രം വെള്ളത്തില്‍നിന്ന് കയര്‍ കെട്ടി എടുത്തു നല്‍കുകയുമാണ് പതിവ്. എക്സൈസിനെയും പൊലീസിനെയും ദൂരെനിന്ന് കാണുമ്ബോള്‍തന്നെ ചിറയില്‍ ചാടി നീന്തി രക്ഷപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷമായി മദ്യക്കച്ചവടം നടത്തിവരുന്ന ഇയാള്‍ നിലവില്‍ ആറോളം അബ്കാരി കേസുകളില്‍ പ്രതിയാണ്.