കഴക്കൂട്ടം: കഴക്കൂട്ടം ജങ്ഷനില്‍ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം പുതുവല്‍പുത്തന്‍ വീട്ടില്‍ കെ.ഭുവനചന്ദ്രന്‍ (65) ആണ് ചവിട്ടേറ്റ് മരിച്ചത്. ആക്രിവസ്തുക്കള്‍ ശേഖരിക്കുന്നയാളാണ് ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തിയത്.നിലവില്‍ ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് കഴക്കൂട്ടം അമ്പലത്തിന്‍കര കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഭുവനചന്ദ്രന്‍ ജോലി നോക്കുന്ന റോഡുവക്കിലെ കരിക്ക് വില്‍ക്കുന്ന കടയില്‍ സംസാരിച്ചു നില്‍ക്കവെ അതുവഴി വന്ന ആക്രി പെറുക്കുന്നയാളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കരള്‍ സംബന്ധമായ രോഗത്തിന് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍.
വയറ്റില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഭാഗികമായി അംഗവൈകല്യമുള്ള പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.