തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോസ്റ്റ് വുമണ്‍ മരിച്ചു. കണ്ടാണശ്ശേരി പോസ്റ്റാഫീസിലെ താല്‍കാലിക പോസ്റ്റ് വുമണായ കല്ലുത്തി പാറ തൈവളപ്പില്‍ ഷീല (52) യാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇവര്‍ക്ക് കണ്ടാണശ്ശേരിയിലെ വീടിന് സമീപത്തുനിന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. കുന്നംകുളം ഗവ. ആശുപത്രിയിലെ പ്രാഥമിക കുത്തിവെപ്പിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പും എടുത്തിരുന്നു. അവിവാഹിതയായ ഷീല തെരുവ് നായ കടിച്ച ശേഷം വേലൂരിലെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രണ്ടാമത്തെ ഡോസ് പ്രതിരോധ മരുന്ന് കുത്തിവെക്കാനും മുറിവില്‍ മരുന്നു വെച്ചു കെട്ടാനും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വന്നിരുന്നു. കുത്തിവെപ്പും മുറിവില്‍ മരുന്നും വെച്ചു കെട്ടിയ ശേഷം വേലൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മടങ്ങി.
കുത്തിവെയ്പ്പ് എടുത്ത ശേഷം ക്ഷീണിതയായിരുന്ന ഷീല വൈകുന്നേരത്തോടെ അവശ നിലയിലാകുകയായിരുന്നു. കഞ്ഞി കുടിച്ച ശേഷം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.