തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ ശബരിനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.വിമാനത്തിനുളളില്‍ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്കു പിന്നില്‍ ശബരിനാഥാണെന്ന വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെന്ന് അന്വേഷണ സംഘം പറയുന്നു .യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ശബരിനാഥ് പ്രതിഷേധം അറിയിക്കാനിട്ട സന്ദേശം പ്രചരിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് ശബരീനാഥന്റെ പ്രതികരണം.