മറയൂര്‍: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ചന്ദന ലേലം സെപ്തംബര്‍ മാസം നടക്കും. പതിവായി ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ചന്ദന ലേലം നടക്കുന്നത്.ജൂണ്‍ മാസത്തിലാണ് ലേലത്തിനായി വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് ചന്ദനം ചെത്തി ഒരുക്കുന്നത്. എന്നാല്‍ ഇത്തവണ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പതിവായി വൈദ്യുതി തടസം നേരിട്ടതുമാണ് ലേലത്തിനായുള്ള ചന്ദനം ഒരുക്കുന്നത് വൈകിയത്. ഇക്കാരണങ്ങളാല്‍ ആഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ചന്ദന ലേലം സെപ്തംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ നടത്തുന്നതിനുള്ള നടപടികളാണ് മറയൂര്‍ ചന്ദന ഡിവിഷനില്‍ സ്വീകരിക്കുന്നത്. കാറ്റില്‍ ഒടിഞ്ഞു വീഴുന്നതും കാട്ടുപോത്ത്, ആന പോലുള്ള വന്യജീവികള്‍ മറിച്ചിടുന്നതും മോഷ്ടാക്കളില്‍ നിന്ന് തൊണ്ടി മുതലായി പിടിച്ചെടുക്കുന്നതുമായ ചന്ദമരങ്ങളാണ് ലേലത്തില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്.
ലേലത്തില്‍ ചന്ദനമരങ്ങള്‍ എത്തിക്കുന്നത് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ജോലികള്‍ക്ക് ശേഷമാണ്. കാട്ടില്‍ നിന്ന് ശേഖരിച്ച് എത്തിക്കുന്ന ചന്ദന മരങ്ങല്‍ അളന്ന് തിട്ടപ്പെടുത്തി നമ്ബര്‍ രേഖപ്പെടുത്തി മുറിച്ചെടുത്ത് ചെത്തിമിനുക്കി 13 വിഭാഗങ്ങളായി തിരിച്ചാണ് ലേലം നടത്തുന്നത്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിരത ദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. കൊവിഡിന് മുമ്ബ് 80 കോടി രൂപ വരെയായിരുന്നു മറയൂര്‍ ചന്ദന ഇ- ലേലത്തിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളും ആയുര്‍വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതില്‍ പങ്കെടുക്കുന്നവര്‍ ചുരുക്കമാണ്. ലേലത്തില്‍ പൊതുവെ വില്‍പനയ്ക്ക് എത്തിച്ചു വരുന്നത് ചന്ദന റിസര്‍വ്വില്‍ കാറ്റില്‍ വീഴുന്നതോ വന്യമൃഗങ്ങള്‍ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയില്‍ നിന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്.