കൊച്ചി, ജൂലായ് 21: സീ കേരളം ടെലിവിഷന്‍ ചാനലിന്റെ പ്രേക്ഷകരായ മലയാളി കുടുംബങ്ങൾക്ക് ഇനി ഉത്സവകാലം. ജൂലായ് 24 മുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവൽ വേറിട്ട ആശയങ്ങളും പുതുമയേറിയ ഗെയിമുകളുമായാണ് കുടുംബ പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾ മത്സരിക്കുന്നതോടൊപ്പം തന്നെ സംപ്രേഷണ വേളയിൽ കാഴ്ചക്കാർക്കും ബസിംഗ ആപ്പ് വഴി മത്സരിച്ച് സമ്മാനങ്ങൾ നേടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.
ഗെയിം ഷോയിൽ എടുത്തു പറയേണ്ട ഒരു കാര്യം തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളിലിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് സീ കേരളം സ്റ്റുഡിയോയിൽ തയ്യാറാക്കിയിട്ടുള്ള ഗ്ലോബിനുള്ളിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കുന്നുവെന്നതാണ്. കൂടാതെ മികച്ച പ്രകടനങ്ങളിലൂടെ നിരവധി സമ്മാനങ്ങളും നേടാനാകും.
ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ആദ്യ എപ്പിസോഡ് ടെലിവിഷനിൽ കാണുന്ന പ്രേക്ഷകർക്ക് ഒരു വമ്പൻ സമ്മാനം നേടാനും അവസരമുണ്ടാകും. ആദ്യ എപ്പിസോഡ് മുഴുവനായി ടി വിയിൽ കാണുന്ന പ്രേക്ഷകർക്ക് വീട്ടിലിരുന്നുകൊണ്ടു തന്നെ മത്സരത്തിൽ പങ്കെടുക്കാനാകും. അങ്ങനെ സീ കേരളം ചാനലിലൂടെ വീട്ടിലിരുന്നു പങ്കെടുത്തു വിജയിക്കുന്ന ആളിന് അഞ്ചു ലക്ഷം രൂപ വില വരുന്ന റെനോ ക്വിഡ് കാർ സമ്മാനമായി നേടാനാകും. ആദ്യ എപ്പിസോഡ് അവസാനിക്കുന്നതിനു മുൻപേ തന്നെ വിജയിയെ പ്രഖ്യാപിക്കും.
ആനന്ദദായകമായ ഒരു കുടുംബ ഉത്സവമായി എത്തുന്ന ബസിംഗ ഉദ്വേഗജനകങ്ങളായ പല മത്സരങ്ങളും അണിനിരത്തും. ഈ ഗെയിം ഷോ സംപ്രേഷണം ചെയ്യുമ്പോൾ ടെലിവിഷനു മുന്നിലിരുന്നും, സീ കേരളം സ്‌റ്റുഡിയോയിലും ബസിംഗ ആപ്പ് വഴിയും മത്സരങ്ങളിൽ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ചാനൽ ഒരുക്കുന്നത്. വിവിധ തലങ്ങളിലുള്ള മത്സരങ്ങളാണ് കുടുംബപ്രേക്ഷകരെ കാത്തിരിക്കുന്നത്.
വ്യത്യസ്ത വെല്ലുവിളികൾ തരണം ചെയ്ത് സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കുന്നത് വഴി, സീ കേരളം അതിന്റെ കുടുംബ പ്രേക്ഷകർക്ക് ഒരു ഉത്സവ സീസൺ ആയിരിക്കും ബസിംഗയിലൂടെ സാധ്യമാക്കുന്നത്. ദീർഘ നാളുകളായി ചാനലിനൊപ്പം നിൽക്കുന്ന കുടുംബങ്ങൾക്ക് സീ കേരളം ഒരുക്കുന്ന ഉത്സവമായി മാറും ഇത്തവണ ബസിംഗയുടെ മത്സര വേദി. ജൂലായ് 24 മുതൽ വൈകിട്ട് 6 മണിക്ക് ബസിംഗ ഫാമിലി ഫെസ്റ്റിവൽ സംപ്രേഷണം ആരംഭിക്കും.