വാടാനപ്പിള്ളി: മാഹിയില്‍ നിന്ന് പാല്‍ കൊണ്ടുവരുന്ന ചെറിയ മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,600 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടി. മദ്യത്തിന് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കും. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വിജയമ്മ ടവറില്‍ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കല്‍ കൗസ്തൂഭം വീട്ടില്‍ സജി (51) എന്നിവരാണ് പിടിയിലായത്.ചില്ലറ വിദേശ മദ്യവില്‍പ്പനയ്ക്കായി മദ്യം മാഹിയില്‍ നിന്നും കൊണ്ടുവരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി (റൂറല്‍) ഐശ്വര്യ ഡോംഗ്രെക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘവും വാടാനപ്പിള്ളി പൊലീസും ചേര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരച്ചില്‍ നടത്തിയത്. സംസ്ഥാനത്ത് പൊലീസ് നടത്തിയ വലിയ അനധികൃത വിദേശ മദ്യവേട്ടകളില്‍ ഒന്നാണിത്. 7,000 കുപ്പികളിലുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പിടിച്ചത്. ഓണം സീസണ്‍ ലക്ഷ്യമിട്ടാണ് മാഹിയില്‍ നിന്നും വിവിധ വാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്‍പ്പനയ്ക്കായി മദ്യം കൊണ്ടുവരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇതിന്റെ ഉറവിടത്തെകുറിച്ചും സാമ്ബത്തിക സഹായം നല്‍കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരുന്നതായി റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.