തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ഇന്ന് ചേരും.വൈകീട്ട് മൂന്നരയ്ക്ക് എകെജിസെന്ററിലാണ് യോഗം ചേരുക . കേന്ദ്രവിരുദ്ധ സമരങ്ങളെക്കുറിച്ചുള്ള ആലോചനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. അരിയടക്കമുള്ള ഭക്ഷധാന്യങ്ങളുടെ ജിഎസ്ടി ഉയര്‍ത്തിയതും കേരളത്തിന്റെ വായ്പാപരിധികുറച്ചതും അടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്യും .ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായി സമരംചെയ്താല്‍ നിലവിലെ വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം. അതേസമയം സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി നല്‍കിയ മറുപടിയെ ചൊല്ലി സിപിഐയില്‍ ഉള്‍പ്പാര്‍ട്ടി പോര് തുടങ്ങി.പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ് കാനം രാജേന്ദ്രന്‍റെ നിലപാടെന്നതാണ് ഉയരുന്ന വിമര്‍ശനം. പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ കടന്നാക്രമണം നേതൃത്വത്തിനും അപ്രതീക്ഷിതമായിരുന്നു. വകുപ്പ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ മുതല്‍ മുഖ്യന്ത്രിയുടെ ഇടപെടലില്‍ വരെ നടന്നത് ഇഴകീറി പരിശോധന. പരിസ്ഥിതി പ്രശ്നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം കേട്ടത് വലിയ വിമര്‍ശനം.