മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണ കേസ് ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം : മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജി സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം തിരുത്താനാവശ്യപ്പെട്ട കോടതി കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്. 2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്ബോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേല്‍ പ്രായമുള്ളവരും. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവത്തില്‍ സാക്ഷിമൊഴികളും തെളിവുകളും കോടതിയില്‍ സമര്‍ത്ഥിക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കണം. നിലവില്‍ ഒരു സര്‍ക്കാര്‍ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസില്‍ എത്രത്തോളം സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുമെന്നതാണ് ചോദ്യം.നിലവില്‍ വിചാരണ ഇഴഞ്ഞുപോകുന്ന കേസില്‍ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ വന്നെങ്കിലും സര്‍ക്കാറിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമര്‍ശവും ആന്‍റണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =