കറാച്ചി : തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ ( ടി.ടി.പി ) ഭീകരസംഘടനയുടെ ഉന്നത നേതാവ് ഒമര്‍ ഖാലിദ് ഖൊറസാനി ( അബ്‌ദുള്‍ വാലി ) കൊല്ലപ്പെട്ടു.പാക് അതിര്‍ത്തിയ്ക്ക് സമീപം പക്ടിക പ്രവിശ്യയിലെ ബിര്‍മല്‍ ജില്ലയില്‍ വച്ച് ഖൊറസാനിയും രണ്ട് കൂട്ടാളികളും സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.മുന്‍ മാദ്ധ്യമപ്രവര്‍ത്തകനും കവിയുമാണ് ഖൊറസാനി. രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇയാളെ പാക് സര്‍ക്കാര്‍ തിരയുകയായിരുന്നെന്നാണ് വിവരം. കൊടും കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയ ഖൊറസാനിയുടെ തലയ്ക്ക് യു.എസ് 30 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചതായി താലിബാന്‍ അറിയിച്ചു.