
കോഴിക്കോട്: വാനിലെത്തിയ നാലംഗസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വാഴക്കാടിനു സമീപം റോഡരികില്‍ തള്ളി.ഇന്നലെ രാത്രി കക്കോടിയിലാണ് സംഭവം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് (45) അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. അടികൊണ്ട് അവശനായ ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കില്‍ പോകുമ്പോഴാണ് വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പൊയത്. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോള്‍ മഴക്കോട്ട് ധരിക്കവേ ഒരു വാന്‍ തന്റെ അടുത്തു വന്നു നിര്‍ത്തിയതായി ഹക്കീം പറഞ്ഞു. വാനിന്റെ വാതില്‍ തുറന്ന് രണ്ടു പേര് പെട്ടെന്ന് തന്നെ അതിനകത്തേക്കു പിടിച്ചു തള്ളി. വാനിലുണ്ടായിരുന്ന ഒരാള്‍ പിടിച്ചുകയറ്റി.
പേടിച്ചു പോയ ഹക്കീം ഉറക്കെ കരഞ്ഞതുകേട്ട് നാട്ടുകാര്‍ ഓടിയെത്തി. അപ്പോഴേക്കും വാന്‍ ഹക്കീമുമായി ഓടിപ്പോയി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്ശന്, ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇതിനിടെ ഹക്കീമുമായി വാന്‍ നരിക്കുനി ഭാഗത്തേക്കു പോയിരുന്നു. ഇവിടെനിന്ന് കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനില്‍ ഉണ്ടായിരുന്നവര്‍ ഹക്കീമിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം അര്‍ധരാത്രിയോടെ റോഡരികില്‍ തള്ളുകയായിരുന്നു.
അവശനിലയിലായ ലുഖ്മാനുല്‍ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും രാത്രി പന്ത്രണ്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.