മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരന്‍ പിടിയില്‍.കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി അല്‍ അക്‌സ മുണ്ടോളത്തില്‍ വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അണ്‍ എയ്ഡഡ് മേഖലയില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാള്‍ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒഴിഞ്ഞ കെട്ടിടങ്ങള്‍ വാടകക്കെടുക്കാന്‍ ധാരണയുണ്ടാക്കി, അവിടെ സ്‌കൂള്‍ സംബന്ധിയായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയയില്‍ അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കല്‍ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൌഫല്‍ 35000 രൂപ തട്ടിയെടുത്തിരുന്നു. ചതി മനസിലാക്കിയ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയതോടെയാമ് കുരുക്ക് വീണത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇയാളുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് നൌഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്ബളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനില്‍ എത്തി. ഇവരുടെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.