കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍.പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്ബില്‍ വിനീഷിനെ കര്‍ണാടകയില്‍ നിന്നാണ് പൊലീസ് പിടികൂടിയത് .ധര്‍മസ്ഥലയില്‍ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രതി കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തെത്തി അവിടെ നിന്ന് ധര്‍മസ്ഥലയിലെത്തുകയായിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ കേരള പൊലീസ് ധര്‍മസ്ഥയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് കോഴിക്കോടെത്തിക്കുമെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
വിനീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയതിനെ തുടര്‍ന്ന് അഴിച്ചുമാറ്റാന്‍ അഗ്‌നി രക്ഷാ സേന എത്തിയിരുന്നു. ഇവര്‍ക്കായി സെല്‍ തുറന്ന സമയം വിനീഷ് രക്ഷപ്പെടുകയായിരുന്നു.അതേസമയം, റിമാന്‍ഡിലിരിക്കെ ഈ പ്രതി നേരത്തേ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.