തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് രണ്ടായിരത്തോളം രൂപ കവര്‍ന്നു.24 മണിക്കൂറും കനത്ത കാവലുള്ള ഭാഗത്താണ് ക്ഷേത്രം. അതിര്‍ത്തി സുരക്ഷയ്ക്കു മാത്രമായി ഡസനോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് ഒന്നാകെ നാണക്കേടായി. സുരക്ഷാവീഴ്ചയില്‍ ജയില്‍ വകുപ്പും മോഷണ കേസില്‍ പൂജപ്പുര പൊലീസും അന്വേഷണം തുടങ്ങി.മോഷ്ടാവ് മുന്‍ തടവുകാരനായ പത്തനംതിട്ട സ്വദേശിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. കാണിക്ക വഞ്ചിയിലെ വിരലടയാളം ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞു.ജയിലില്‍ നിന്നു അടുത്തിടെയാണ് ഇയാള്‍ മോചിതനായത്.സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള ഗേറ്റിനു പുറമേ മറ്റ് മൂന്നു വഴികളിലൂടെയും ക്ഷേത്രത്തിലേക്ക് വരാം.ജയില്‍ വളപ്പിലെ പെട്രോള്‍ പമ്ബ് വഴിയോ രാജീവ് ഗാന്ധി ബയോടെക്നോളജി റോഡിലൂടെയോ സബ് ജയില്‍ ഭാഗത്തു നിന്നോ മോഷ്ടാവ് അകത്ത് കടന്നുവെന്നാണ് നിഗമനം. 18 ന് രാത്രിയാണ് മോഷണം നടന്നത്. കാണിക്കപ്പെട്ടിയുടെ പൂട്ട് തകര്‍ത്തിട്ട നിലയിലായിരുന്നു.ഇന്നലെ രാവിലെ ശുചീകരണത്തിനെത്തിയ ജീവനക്കാരാണ് കാണിക്കപ്പെട്ടി തല്ലിപ്പൊളിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്.പിന്നീട് ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.