മൂന്നാര്‍: കാറിടിച്ച് ഉണക്ക മരം കടപുഴകി വീണു ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.കൊല്ലം പന്മന സ്വദേശി ലീന്‍ബോയ് ഗ്രേഷ്യസിന്റെ (55) തലയിലേക്കാണ് മരം മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീന്‍ബോയ് വഴിയോരത്തു ചായ കുടിച്ചുനില്‍ക്കുമ്ബോഴാണ് മരം വീണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിനു പഴയ മൂന്നാര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലാണ് അപകടം ഉണ്ടായത്.
കുടുംബത്തോടൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട കാര്‍ പാതയോരത്തെ ഉണക്കമരത്തില്‍ ചെന്ന് ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി ലീന്‍ബോയിയുടെ ശരീരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹം വിനോദ സഞ്ചാരികളുമായി മൂന്നാറിലേക്ക് ഓട്ടം വന്നതായിരുന്നു. ലീന്‍ബോയ് തട്ടുകടയില്‍ നിന്ന് ചായ കുടിക്കുമ്പോഴാണ് അപകടം.
അപകടത്തില്‍ ലീന്‍ബോയിയുടെ തലയ്ക്കാണു ഗുരുതര പരുക്ക്. തട്ടുകടയും ഭാഗികമായി തകര്‍ന്നു. കടയുടമ ചന്ദ്രുവിന്റെ ഭാര്യ ആനന്ദഭവാനി അദ്ഭുതകരമായി രക്ഷപ്പെട്ടു.