അടിമാലി : ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡുകളില്‍ 20 ലിറ്റര്‍ വ്യാജമദ്യവും 110 ലിറ്റര്‍ കോടയും പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ കടന്നുകളഞ്ഞു.
വാഹന പരിശോധനക്കിടെ കുഞ്ചിത്തണ്ണി പാറക്കല്‍ ബിനു തോമസിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഓണക്കാലത്ത് വില്‍ക്കുന്നതിനായി 20 ലിറ്റര്‍ മദ്യം ഓട്ടോയില്‍ കടത്തുന്നതിനിടെയാണ് പിടിയിലായത്. കെ.എല്‍ 44 ബി 8929ാം നമ്ബര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു.ആനച്ചാല്‍, കുഞ്ചിത്തണ്ണി മേഖലകളില്‍ മദ്യം ശേഖരിച്ച് രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും കൂടിയ വിലയ്ക്ക് വില്‍ക്കുന്നവരില്‍പെട്ടയാളാണ് ബിനുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍ വാളറ വനമേഖലയിലെ കുളമാന്‍കുഴി കുടിയില്‍ നടത്തിയ റെയ്ഡില്‍ 110 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. ഇവിടെ താമസക്കാരനായ അണ്ണാച്ചിയുടെ മകന്‍ തങ്കനാണ് ഷെഡില്‍ കോട സൂക്ഷിച്ചിരുന്നത്. ഇയാള്‍ രക്ഷപ്പെട്ടു.