കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് ഫോര്‍ട്ടു കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രത്തില്‍ തെളിവെടുപ്പ് നടത്തും. നാവിക സേന പരിശീലനം നടത്തുന്ന തോക്കില്‍ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടില്‍ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. സൈനികര്‍ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാന്‍ഡ് ഔദ്യോഗികമായി നിലപാട് എടുത്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തയ്ക്കുവേണ്ടിയാണ് ഫോര്‍ട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എന്‍ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുളളറ്റെങ്കില്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കാനാണ് തീരുമാനം.
മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. എന്നാല്‍ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു .
ഫോര്‍ട്ടു കൊച്ചിയില്‍ ഒന്നര കിലോമീറ്റര്‍ മാറി കടലിലാണ് സംഭവം. മീന്‍പിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതില്‍ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോര്‍ട്ടു കൊച്ചിയിലെ ഐ എന്‍ എസ് ദ്രോണാചാര്യയോട് ചേര്‍ന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്.
വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥര്‍ ഇത് തങ്ങളുടെ തോക്കില്‍ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതില്‍ ദുരൂഹതയേറിയത്
സെബാസ്റ്റ്യന്‍റെ പരിക്ക് ഗുരുതരമല്ല.