തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി നടത്തിയത് കോടികളുടെ തട്ടിപ്പ്.ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ മറവില്‍ നടന്ന തട്ടിപ്പില്‍ ഒട്ടേറെ പേര്‍ ഇരയായെങ്കിലും പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. ചെന്നൈയും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വിനീഷിനെ സഹായിക്കാന്‍ പൊലീസുകാരും കൂട്ടുനിന്നതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസ് വീഴ്ചക്കെതിരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം. രാജഗോപാല്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ ഡി.ജി.പി അനില്‍ കാന്ത് സംഭവം അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തി.ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങള്‍, കോളജ്, കലാപീഠങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമന ഉത്തരവുകള്‍ നല്‍കി തട്ടിപ്പ് നടന്നത്. ബോര്‍ഡിലെ ചിലരുടെ പിന്തുണയും ഇതിനുണ്ടെന്നും സംശയം ശക്തമാണ്. വൈക്കം ക്ഷേത്രകലാപീഠത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നിയമന ഉത്തരവുമായി യുവതി ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡ് ചെയര്‍മാന്‍ മാര്‍ച്ച് 23ന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, മൂന്നു മാസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ ആദ്യ കേസെടുത്തപ്പോള്‍ വിവരം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍തന്നെ പ്രതിക്ക് ചോര്‍ത്തി നല്‍കി. വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല. മുങ്ങിയ വിനീഷ് പിന്നീട് കോടതിയില്‍ കീഴടങ്ങി. സമ്മര്‍ദത്തിനൊടുവില്‍ വിനീഷിനെതിരെ മാവേലിക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 34 കേസാണ്.