സീതത്തോട്: ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ തൊട്ടുമുന്നില്‍ കാട്ടാനയെ കണ്ട് പരിഭ്രമിച്ചതോടെ അദ്ധ്യാപകര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാനയുടെ മുന്നില്‍ മറിഞ്ഞു വീണു. തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടച്ചിറ ഗവ.ഹൈസ്‌കൂളിലെ രണ്ട് അദ്ധ്യാപകര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് കാട്ടാനയുടെ മുന്നില്‍ മറിഞ്ഞു വീണത്.
കൊല്ലം ശാസ്താംകോട്ട ഷാലിമാലയം അനീഷ് അലക്‌സ് (31), കൊല്ലം ശൂരനാട് ഇന്ദ്രഭവനത്തില്‍ ഇന്ദ്രജിത്ത് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ബൈക്ക് മറിഞ്ഞ് ആനയുടെ മുന്നിലേക്ക് വീണപ്പോള്‍ ഇവര്‍ക്കു പിന്നാലെ ജീപ്പില്‍ എത്തിയ മറ്റ് അദ്ധ്യാപകരാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ട് നാലിനു മണിയാര്‍കട്ടച്ചിറ റൂട്ടില്‍ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ദ്രജിത്തിന്റെ ഇടതു കൈ ഒടിഞ്ഞു. അനീഷ് രാത്രി വീട്ടിലേക്കു പോയെങ്കിലും ദേഹത്തും കാലിനും ചതവ് ഏറ്റതിന്റെ കടുത്ത വേദനയുണ്ട്. കട്ടച്ചിറ ഹൈസ്‌കൂളിലെ എല്‍പി വിഭാഗം അദ്ധ്യാപകരാണ് ഇരുവരും. അനീഷിന്റെ വാഹനത്തിലാണ് ഇവര്‍ സ്‌കൂളില്‍ നിന്ന് മണിയാറിലേക്കു വരുന്നത്.