തലയോലപ്പറമ്പ് : തലയോലപ്പറമ്പില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം കാണക്കാരി ചാത്തമംഗംലം മാങ്കുഴയ്‌ക്കല്‍ രഞ്‌ജിത്ത് രാജു(26), കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി ചിറയ്‌ക്കല്‍താഴെ കെന്‍സ് ബാബു(28) എന്നിവരെയാണ് നര്‍ക്കോട്ടിക് വിഭാഗവും വൈക്കം, തലയോലപ്പറമ്ബ് പോലീസും ചേര്‍ന്ന് അറസ്‌റ്റ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 45 പൊതികളിലായി 100 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 6.10നു കോട്ടയം എറണാകുളം റൂട്ടിലുള്ള വെട്ടിക്കാട്ടുമുക്കിലാണു സംഭവങ്ങള്‍ക്കു തുടക്കം. നര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. പ്രതികള്‍ വന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിനു പോലീസ് കൈകാണിച്ചെങ്കിലും അവര്‍ വെട്ടിച്ചു കടന്നു. കാര്‍ അതിവേഗം പായിച്ചു രക്ഷപ്പെടാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി.പോലീസ് പിന്തുടര്‍ന്ന് ഒപ്പം എത്തിയതോടെ പ്രതികളിലൊരാള്‍ കൊങ്ങിണിമുക്കില്‍വച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍നിന്ന് എടുത്തുചാടി. ഇതോടെ കാര്‍ നിര്‍ത്തി കൂട്ടാളിയും പുറത്തേക്കോടി. ഇരുവരും കൈതത്തോട്ടത്തില്‍ ഒളിക്കാനാണു ശ്രമിച്ചത്. പിന്തുടര്‍ന്നു പോലീസ് ഇവരെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
കോട്ടയത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.