മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിനീയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പോലീസ് പിടികൂടി.
മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. എടക്കര ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്ബാണ് മൂവരും തമ്മില്‍ പരിചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസിച്ച് വരുന്ന ലതയുടെ വീട്ടില്‍ വച്ച് മദ്യപിച്ചു. തുടര്‍ന്ന് മൂവരും തര്‍ക്കത്തിലായി. ഇതിനിടെ കയ്യില്‍ ഉണ്ടായിരുന്ന മരവടി കൊണ്ട് പ്രതി ബിജു, ബാബുവിന്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ബാബുവിന്റെ മൊബൈല്‍ ഫോണും പേഴ്‌സും പ്രതികള്‍ ചേര്‍ന്ന് കവര്‍ന്നിരുന്നു. ആറ് ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13 ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ കരിമ്ബുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.