ടെഹ്‌റാന്‍ : ഇറാനില്‍ രാഷ്ട്രീയ തടവുകാരെയും ഭരണകൂടത്തിനെതിരെ വിമര്‍ശിക്കുന്നവരെയും പാര്‍പ്പിക്കുന്ന ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 4 മരണം. 61 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ജയിലില്‍ നിന്ന് വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു. ജയില്‍പ്പുള്ളികള്‍ തമ്മിലെ ഏറ്റുമുട്ടലാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണെന്നും സൂചനയുണ്ട്. തീപിടിത്തത്തിന് പിന്നാലെ തടവുകാരുടെ കുടുംബങ്ങളെയും അഭിഭാഷകരെയും ജയില്‍ പരിസരത്ത് വിലക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു.ജയില്‍ യൂണിഫോമുകള്‍ സൂക്ഷിച്ചിരുന്ന ഒരു വെയര്‍ഹൗസിന് തടവുകാര്‍ തീയിടുകയായിരുന്നെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. തടവുകാര്‍ തമ്മിലെ ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ല.
നിലവില്‍ ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ സമരങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമായിരുന്നോ തീപിടിത്തമെന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഇറാനിലെ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷെമി റഫ്സന്‍ജാനിയുടെ മകന്‍ മെഹ്ദി ഹാഷെമി ഈ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു.