കട്ടപ്പന: ക്ഷേത്രങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ ആള്‍ പൊലീസിന്റെ പിടിയില്‍. മലപ്പുറം എടപ്പാള്‍ സ്വദേശിയായ സജീഷ് ശിവദാസന്‍ (43) ആണ് കട്ടപ്പനയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. ആയിരത്തിലധികം ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 30 ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ കൊടുത്ത് നോട്ടുകളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇടുക്കി ജില്ലയില്‍ കുമളിയിലെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു പ്രതി. ക്ഷേത്രമോഷണം കൂടാതെ അഞ്ച് ബൈക്കുകളും മോഷ്ടിച്ചതായി ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. അറസ്റ്റിലാകുമ്പോള്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നു ഭണ്ഡാരം പൊട്ടിച്ചെടുത്ത നാണയങ്ങളും നോട്ടുകളും കൈവശമുണ്ടായിരുന്നു. അഞ്ചു ബൈക്കുകളുടെ താക്കോലും പൊലീസ് പിടിച്ചെടുത്തു. 20 വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തുകയും മോഷണത്തിനായി അടുത്ത പ്രദേശങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി.മോഷ്ടിച്ച ബൈക്കുകള്‍ കെഎസ്‌ആര്‍ടിസി, റെയില്‍വേ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വച്ച ശേഷം താക്കോലുമായി കടന്നുകളയും. വീണ്ടും ഇതേ സ്ഥലങ്ങളില്‍ മോഷണത്തിനെത്തുമ്പോള്‍ ഈ ബൈക്കുകള്‍ ഉപയോഗിക്കും. വിലകൂടിയ മദ്യവും ഭക്ഷണവും കഴിക്കുന്നതിനും ആഡംബര ലോഡ്ജുകളില്‍ താമസിക്കുന്നതിനും ആണ് പണം വിനിയോഗിച്ചിരുന്നതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.