ഹൈദരാബാദ്: രണ്ട് മാസം മുമ്പ് വിവാഹിതരായ ഇരുപത് വയസ്സുള്ള ഡോക്ടര്‍ ദമ്പതികളെ വ്യാഴാഴ്ച ഹൈദരാബാദിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സയ്യിദ് നിസാറുദ്ദീന്‍(26) മൊഹീന്‍ സൈമ(22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാത്ത്‌റൂം ഗീസറുമായുള്ള കണക്ഷന്‍ തകരാറിലായതിനാല്‍ ഉണ്ടായ വൈദ്യുതാഘാതമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. ഹൈദരാബാദ് ഖാദര്‍ബാഗ് പ്രദേശത്താണ് ഇവരുടെ വീട്.”ഞങ്ങള്‍ വീടിനുള്ളില്‍ കയറിയപ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു, എന്തോ കുഴപ്പം സംഭവിച്ചിരിക്കാം എന്ന് സംശയിച്ചു, തുടര്‍ന്ന് ജനലിലൂടെ അകത്തു കടന്നപ്പോള്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി,” മൊഹിമീന്‍ സൈമയുടെ പിതാവ് പറഞ്ഞു.ഡോക്ടര്‍ സയ്യിദ് നിസാറുദ്ദീനും ഭാര്യ സൈമയും ബുധനാഴ്ച രാത്രിയാണ് സൂര്യപേട്ടയില്‍ നിന്ന് മടങ്ങിയത്.
“ഇന്നലെ രാവിലെയാണ് ഇത് സംഭവിച്ചത്. എന്നാല്‍ വൈകുന്നേരം വരെ ആരും അറിഞ്ഞിരുന്നില്ല. രാത്രി 11.30 ന്, വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ വീട്ടിലെത്തി അകത്ത് കയറിയപ്പോള്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ പോയതായി തോന്നുന്നു. ഇരുവരും മരണപ്പെട്ടു,” അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ എസ് ശ്രുതി പറഞ്ഞു.
സൈമ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയും ഭര്‍ത്താവ് സയ്യിദ് നിസാറുദ്ദീന്‍ സൂര്യപേട്ടയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുമാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സൈമ പിതാവിനോട് സംസാരിക്കുകയും പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് സൈമ പിതാവിനെ വിളിച്ചില്ല. ഇരുവരും ജോലിക്ക് പോയിരിക്കുമെന്നാണ് പിതാവ് കരുതിയത്.