തിരുവനന്തപുരം :- ചക്ര കസേരകളിൽ തളയ്ക്കപ്പെട്ട ഭിന്നശേഷി ക്കാർ. പരസഹായമില്ലാതെ ചലിക്കുവാൻ പോലും സാധിക്കാത്തവർ. നാളിതു വരെ പുറം ലോക കാഴ്ചകൾ കണ്ടിട്ടില്ലാത്ത അവർ അനന്തപുരിയുടെ മായകാഴ്ചകൾ കണ്ടപ്പോൾ മതിമറന്ന് ചിരിച്ചു. അത് കണ്ട പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. മൂന്ന് ബസും 300 സ്വപ്നങ്ങളും എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ്വ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത് തിരൂരിലെ സന്നദ്ധസംഘടനയായ കിൻഷിപ്പാണ്. 28 ന് തിരൂരിൽ നിന്നും 70 ഭിന്നശേഷി ക്കാരുമായി തലസ്ഥാനത്ത് എത്തിയ സംഘത്തെ കള്ളിക്കാട് രാജീവ് ഗാന്ധി കൺവെൻഷൻ ഹാളിൽ പ്രേംനസീർ സുഹൃത് സമിതി സ്നേഹാദരവ് നൽകി സ്വീകരിച്ചു. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പന്ത ശ്രീകുമാർ സംഘത്തിന് ഉപഹാരവും. വാർഡ് മെമ്പർ പ്രദീഷ് മുരളി മധുര പലഹാരങ്ങളുടെ കിറ്റും നൽകി. സമിതി രക്ഷാധികാരി ഡോ: ഗീതാ ഷാനവാസ് ഭിന്നശേഷി ക്കാരെ പൊന്നാട ചാർത്തി. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സംഘാടകരായ നാസർ പുറ്റൂർ, അബ്ദുൾ ഫസൽ, ദിലീപ് അമ്പയത്തിൽ, ഷബീർ അലി എന്നിവർ പങ്കെടുത്തു. തുടർച്ചയായി ഒരു മണിക്കൂർ പോലും യാത്ര ചെയ്യാൻ കഴിയാത്ത ഭിന്ന ശേഷിക്കാരിൽ 14 വയസ് മുതൽ 45 വയസ് വരെയുള്ളവർ ഉണ്ട്. മൂന്ന് ദിവസത്തെ യാത്രയുമായാണ് സംഘമെത്തിയത്. 70 വീൽചെയറുകളും അതിനോടൊപ്പം വാളണ്ടിയർമാരും കൂടെയുണ്ട്. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന വർ വേളിയും കന്യാകുമാരിയും കണ്ട് കഴിഞ്ഞു. ഞായറാഴ്ച മാജിക്ക് പ്ലാനറ്റ് സംഘം സന്ദർശിക്കും.