കോതമംഗലം: കോതമംഗലത്ത് തങ്കളം-നെല്ലിക്കുഴി റോഡിലെ സ്വകാര്യ സ്‌കൂളില്‍നിന്നു കഞ്ചാവുമായി അഞ്ചു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.മുഖ്യപ്രതി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. വടാട്ടുപാറ സ്വദേശികളായ കാവുംപടിയ്ക്കല്‍ ഷഫീഖ് (29), കുഴിമറ്റത്തില്‍ അശാന്ത് (26), നാടുകല്ലിങ്കല്‍ ആഷിഖ് (31), വെള്ളാങ്കല്‍ മുനീര്‍ (24), കുത്തുകുഴി ഇടപ്പോത്തിങ്കല്‍ ഹരികൃഷ്ണന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.മുഖ്യപ്രതികളായ സെക്യൂരിറ്റി ജീവനക്കാരന്‍ പാലാ പുതുകണ്ടത്തില്‍ സാജു ബിജു, നെല്ലിക്കുഴി കോച്ചേരി യാസിന്‍, തൃക്കാരിയൂര്‍ കീരംപാറ രാഹുല്‍ എന്നിവര്‍ ഒളിവിലാണ്. പ്രതികളുടെ പക്കല്‍നിന്ന് 14 പ്ലാസ്റ്റിക് പൗച്ചുകളിലായി 140 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ശനിയാഴ്ച രാത്രി ഒമ്ബതോടെയായിരുന്നു സംഭവം. പുറമെനിന്നെത്തിയ ഏഴു പേരും സെക്യൂരിറ്റി ജീവനക്കാരനും സ്‌കൂള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഗോവണിപ്പടിയുടെ അടിഭാഗത്തു കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എക്‌സൈസ് സംഘം എത്തിയത്.
ഗേറ്റ് കടന്ന എക്‌സൈസ് സംഘത്തിന്‍റെ വാഹനം കണ്ട് സാജുവും യാസിനും രാഹുലും മതില്‍ചാടി ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്‍ താമസിക്കുന്ന മുറിയില്‍നിന്ന് മൂന്ന് പൗച്ചുകളിലായി 20 ഗ്രാം കഞ്ചാവും സ്‌കൂള്‍ കോമ്ബൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന യാസിന്‍റെ ബൈക്കില്‍നിന്ന് 50 ഗ്രാം കഞ്ചാവും ഗോവണിപ്പടിക്ക് താഴെ വലിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്ന് 70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.