കണ്ണൂര്‍: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ അക്രമാസക്തനായ പ്രതി ജില്ലാ ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ ചില്ലുകളും ഫര്‍ണിച്ചര്‍ ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു.കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ആശുപത്രിയിലെത്തി പരാക്രമം കാണിച്ചത്. കാഷ്വാലിറ്റി മുറിയിലെ ചില്ല് ഇയാള്‍ തലകൊണ്ട് അടിച്ച് പൊട്ടിച്ചു..ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് കൈവശം വെച്ചതിന് കക്കാട് കോര്‍ജാന്‍ സ്‌കൂള്‍ പരിസരത്തു നിന്നും ടൗണ്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.