ഈരാറ്റുപേട്ട: അടഞ്ഞു കിടന്ന വീട്ടിന്‍റെ ഓട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കുമളി ഒന്നാം മൈല്‍ പാണംപറമ്ബില്‍ അലന്‍ തോമസ് (21), പൂഞ്ഞാര്‍ പനച്ചിപ്പാറ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (20), കൊണ്ടൂര്‍ പാതാഴ കോളനി കല്ലാറ്റുപറമ്ബില്‍ വീട്ടില്‍ റോബിന്‍ ജോസഫ് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പെരുനിലം കണ്ണാണിക്കയറ്റം ഭാഗത്ത് പി.ടി. തോമസ് എന്നയാളുടെ വീട്ടിലാണ് ഓട് പൊളിച്ചു കയറി മോഷണം നടത്തിയത്. തോമസ് വിദേശത്ത് ആയിരുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നും നിലവിളക്ക്, ഓട്ടുപാത്രങ്ങള്‍, ചെമ്ബ് പാത്രങ്ങള്‍, മുതലായവ മോഷ്ടിച്ചു.അറസ്റ്റിലായ അലന്‍ തോമസിനെ കഴിഞ്ഞദിവസം ബൈക്ക് മോഷണ കേസില്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ വീട് കയറി മോഷ്ടിച്ച വിവരം അറിഞ്ഞത്. ഇതേ തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.