പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.തൃത്താല ഞാങ്ങാട്ടിരി കടവ് കുണ്ടില്‍പീടികയില്‍ കെ.പി. അന്‍സാര്‍(28), പട്ടാമ്ബി പരുവക്കടവ് കുണ്ടുകാട്ടില്‍ ഹൗസ് കെ. അഷറഫ്(33) എന്നിവരെയാണ് പിടികൂടിയത്. കേസില്‍ എട്ട്, പത്തൊമ്ബത് പ്രതികളായി ചേര്‍ത്തിട്ടുള്ള ഇവര്‍ സംഭവം നടന്ന ഏപ്രില്‍ 16 മുതല്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പട്ടാമ്ബി ഏരിയ പ്രസിഡന്റായിരുന്നു അന്‍സാര്‍. ഇരുവരും ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. മൊത്തം 45 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
അതിനിടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നര്‍കോട്ടിക് സെല്‍ഡിവൈ.എസ്.പി. എം. അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.41നാണ് ഡിവൈ.എസ്.പി.യുടെ ഔദ്യോഗിക മൊബൈല്‍ നമ്ബറിലേക്ക് വിളിച്ച് പാലക്കാട് നിന്നും പോകും മുമ്പ് ഒരു പെട്ടിവാങ്ങി വെച്ചോളു എന്ന് വധഭീഷണി മുഴക്കിയത്.