മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മദ്യപിച്ചെത്തിയ ഇയാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ കൈകള്‍ കൊണ്ട് നിരവധി തവണ തല്ലുന്നുണ്ട്. ഈ സമയമെല്ലാം നിര്‍വികാരനായി അച്ഛനൊപ്പം ഇരിക്കുകയാണ് മകന്‍. നേരത്തേയും ഇയാള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. അന്ന് ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ച് കേസ് എടുത്തിരുന്നു. അന്ന് ബാലാവകാശ കമീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.പിന്നീടും മദ്യപിച്ചെത്തി ഇയാള്‍ മകനെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മകനെ ഉപദ്രവിച്ചതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാഹമോചനത്തിനുശേഷം ഇയാള്‍ മകനുമായി സഹോദരനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്.