ഇടുക്കി : ഇടുക്കി ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. മദ്യപിച്ചെത്തി മക്കളെയും പിതാവിനെയും മര്‍ദ്ദിക്കുന്നതിനിടെയാണ് സംഭവം. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്. ജെനീഷിന്റെ അച്ഛന്‍ തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷിന്റെ കൈക്ക് വാക്കത്തി കൊണ്ടുള്ള വെട്ടുമേറ്റിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നയാളായിരുന്നു ജെനീഷ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മദ്യപിച്ചെത്തിയ ജെനിഷും പിതാവ് തമ്ബിയുമായി വാക്ക് തര്‍ക്കമുണ്ടായി. വൈകുന്നേരമായതോടെ ജെനിഷ് സ്വന്തം മക്കളെയും മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ നിന്നു രക്ഷപെടാന്‍ തമ്പി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ജെനിഷിനെ ആക്രമിക്കുകയായിരുന്നു.ഇതില്‍ ജെനിഷിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണം തുടര്‍ന്നതോടെ തമ്പി കൈയില്‍ കിട്ടിയ വാക്കത്തി എടുത്ത് വീശി. വാക്കത്തി ഉപയോഗിച്ചുള്ള വെട്ടില്‍ ജെനിഷിന്റെ വലതു കൈയില്‍ ആഴത്തില്‍ മുറിവേറ്റു,
അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചെയാണ് ജെനിഷ് മരിച്ചത്. ഇതോടെ തമ്ബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇസ്തിരിപ്പെട്ടികൊണ്ടുള്ള അടിയേറ്റ് ജെനീഷിന്റെ തലയോട് പൊട്ടിയിരുന്നു. ഇതില്‍ നിന്നും രക്തം തലക്കുള്ളിലെത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കയ്യില്‍ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നതും മരണകാരണമായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില് കണ്ടെത്തിയിരിക്കുന്നത്.