മൂന്നാര്‍: തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളില്‍ കയറിയത് ഭീതി പരത്തി. മൂന്നാറിലാണ് സംഭവം. പുലിയാണെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ഭയന്നു.വനപാലകരെത്തിയതോടെയാണ് പുലിയല്ല പൂച്ചപ്പുലിയാണിതെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.
വൈകുന്നേരത്തോടെയാണ് വഴിതെറ്റിയെത്തിയ പൂച്ചപ്പുലി മൂന്നാര്‍ എംജി കോളനിയില്‍ എത്തിയത്. ഈ നേരം അവിടെ കൂട്ടംകൂടി നിന്നിരുന്ന നായ്ക്കള്‍ ഒന്നടങ്കം പൂച്ചപ്പുലിയെ അക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷതേടുന്നതിനിടെയാണ് പൂച്ചപ്പുലി വീട്ടില്‍ കയറിയത്. ഇതോടെ വീട്ടുകാര്‍ ഭയന്ന് വിറച്ച് പുറത്തേക്ക് ഓടി വാതില്‍ പൂട്ടി. തുടര്‍ന്ന് വിവരം വനപാലകരെ അറിച്ചു.ഇവരെത്തി നടത്തിയ പരിശോധനയിലാണ് പൂച്ചപ്പുലിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇതിനെ പിടികൂടി കാട്ടില്‍ തുറന്ന് വിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൂന്നാര്‍ മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.